പരിഭാഷകർക്ക് സ്തുതി

തഥേവ് ചഖ്ഹ്യാൻ (1992-)

ആദ്യം അവർ നിൻ്റെ ഉടൽ
പരിഭാഷപ്പെടുത്തും,
പിന്നീട് കവിതയും.
ഒടുവിൽ, അപ്രതീക്ഷിതമായി
ഒരു ദിവസം രാവിലെ അവർ
നിന്നെ വിട്ടുപോകും,
നിൻ്റെതന്നെ വാക്കുകൾക്കു മുന്നിൽ
തിരിച്ചറിയാനാകാത്തവിധം നിന്നെ
നഗ്നയാക്കിക്കിടത്തിക്കൊണ്ട്.
ചിന്താകുലയായി,
നിസ്സഹായയായി നീ നിൽക്കും,
തനിക്കറിയാത്ത ഭാഷ
സംസാരിക്കുന്നവരുടെ നഗരത്തിൽ
തൻ്റെനേരെനോക്കി കുരയ്ക്കുന്ന നായയെ
ശാന്തമാക്കുന്നതെങ്ങനെയെന്നറിയാതെ
നിൽക്കുന്ന അപരിചിതയെപ്പോലെ.

‘Ode to Translators’ by Tatev Chakhian

തിരിച്ചറിയപ്പെടാത്തത്

തഥേവ് ചഖ്ഹ്യാൻ (1992-)

എൻ്റെ ജന്മസ്ഥലം
ചെക്കൊസ്ലൊവാക്യയാണെന്നുകണ്ട
കസിൻ പരിഹസിച്ചു ചിരിച്ചു:
“അങ്ങനെയൊരു രാജ്യമില്ല,
നീ ജനിച്ചത് ഇല്ലാത്ത ഒരിടത്താണ്,
നീതന്നെയുണ്ടോയെന്നാർക്കറിയാം"

എനിക്കെൻ്റെ നാക്കു വിഴുങ്ങേണ്ടിവന്നു,
ചരിത്രത്തിൻ്റെ വാതിൽക്കൽ ഉപേക്ഷിക്കപ്പെട്ട,
തുണികൊണ്ടുവരിഞ്ഞു ചുറ്റിയതിനാൽ നീലിച്ചുപോയ
നവജാതശിശുവിനെപ്പോലെയായി ഞാൻ.

ഇവിടെ, ഈ നാട്ടിലിപ്പോൾ മനോഹരമായ
ഒരു ഉദ്യാനമുണ്ട്, എന്നെപ്പോലെയുള്ള
ആളുകൾ തങ്ങളുടെ നായകളെ
നടത്താൻ കൊണ്ടുചെല്ലുന്ന സ്ഥലം.

എന്നെപ്പോലെയുള്ളവരെന്നാൽ
ചരിത്രത്താൽ തിരിച്ചറിയപ്പെടാത്തവർ,
വാടകഗർഭപാത്രത്തിൽ ജനിച്ചപോലെയായവർ.

‘unIDentical’ (ԱՆԱՆՁՆԱԳՐԱՅԻՆ) by Tatev Chakhian

പിന്നൊരിക്കൽ

ഫിക്രാത് ഗോജ (1935-2021)

ഏതെങ്കിലുമൊരു തെരുവിൽ
നമ്മൾ പരസ്പരം കടന്നുപോകും.
ചുളിവുകൾ വീണ മുഖവുമായി നീ,
നരപടർന്ന മുടിയുമായി ഞാൻ.
എന്താ പെട്ടെന്നു നിന്നുപോയതെന്ന്
നമ്മളോട് ആരും ചോദിക്കില്ല.
ആളുകൾ നമ്മളെ കടന്നുപോകും
അല്ലെങ്കിൽ ആർക്കെങ്കിലും വേണ്ടി
അവർ കാത്തുനിൽക്കും.
ആ അവിചാരിത കണ്ടുമുട്ടലിൽ
ഒരുവേള നമ്മളൊന്ന് അമ്പരക്കും
എന്നാൽ എന്താണോ തങ്ങൾക്ക്
ചെയ്യാനുള്ളത് അത്
നമ്മുടെ കാലുകൾ ചെയ്തിരിക്കും,
സമയത്തെ പോലെ നിന്നെയത്
ഒരു ദിശയിലേത്ത് നടത്തും
മറുദിശയിലേക്ക് എന്നെയും.
ചുളിവുകൾ വീണ മുഖവുമായി നീ,
നരപടർന്ന മുടിയുമായി ഞാൻ.

‘Sometime’ by Fikrat Goja

കിണറിൽ കണ്ട നിലാവ് പോലെ

ജെയ്ൻ ഹെർഷ്ഫീൽഡ് (1953-)

കിണറിൽ കണ്ട നിലാവ് പോലെ
ആരാണോ അതിലേക്കു നോക്കുന്നത്
അയാളതിനെ മറച്ചില്ലാതാക്കുന്നു.

'Like Moonlight Seen in a Well' by Jane Hirshfield from Come, Thief

മഞ്ഞിൽ ഒരു കസേര

ജെയ്ൻ ഹെർഷ്ഫീൽഡ് (1953-)

മഞ്ഞിൽ
മറ്റേതൊരു വസ്തുവും
പോലെയാകണം കസേരയും—
വെണ്മയിൽ പൊതിഞ്ഞ്, ഉരുണ്ട്.

എന്നാലോ മഞ്ഞിൽ കസേരക്കെന്നും ദുഃഖം

കട്ടിലിനേക്കാൾ
തൊപ്പിയേക്കാൾ വീടിനേക്കാൾ,
കസേരയുടെ രൂപം ഇണങ്ങുക
ഒരൊറ്റ കാര്യത്തിനു മാത്രം

ഒരു ഉയിരിനെ
അൽപ്പനേരത്തേക്ക്
താങ്ങിനിർത്തുവാൻ

ചിലപ്പോൾ ഒരു രാജാവിനെ.

എന്തായാലും മഞ്ഞിനെയല്ല
പൂക്കളെയുമല്ല.

'A Chair in Snow' by Jane Hirshfield from Poetry Magazine (April 2013)