— മിറൊസ്ലാവ് ഹൊളൂബ് (1923-1998)
കുട്ടികളെ, ടീച്ചർ ചോദിക്കുന്നു,
എന്നാണ് നെപ്പോളിയൻ ബോണപ്പാർട്ട്
ജനിച്ചത്?
കുട്ടികൾ പറയുന്നു:
'ഒരായിരം വർഷങ്ങൾക്ക് മുമ്പ്'
'ഒരു നൂറ് വർഷങ്ങൾക്ക് മുമ്പ്'
'കഴിഞ്ഞ വർഷം'
ആർക്കുമതറിയില്ല.
കുട്ടികളെ, ടീച്ചർ ചോദിക്കുന്നു,
നെപ്പോളിയൻ ബോണപ്പാർട്ട്
എന്താണ് ചെയ്തത്?
കുട്ടികൾ പറയുന്നു:
'യുദ്ധം ജയിച്ചു'
'യുദ്ധത്തിൽ തോറ്റു'
ആർക്കുമതറിയില്ല.
ഫ്രാന്റിസെക് പറയുന്നു:
നമ്മുടെ ഇറച്ചിക്കടക്കാരന്
നെപ്പോളിയൻ എന്നൊരു നായ ഉണ്ടായിരുന്നു.
അയാളതിനെ എപ്പോഴും തല്ലുമായിരുന്നു
ഒരു വർഷം മുമ്പ് പട്ടിണി കിടന്ന്
ആ നായ ചത്തുപോയി.
നെപ്പോളിയന്റെ കാര്യമോർത്ത്
ഇപ്പോൾ കുട്ടികളെല്ലാം സങ്കടപ്പെടുന്നു.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
