നിങ്ങളുടെ മകൾ വിരൂപയാണ്.
നഷ്ടം ആഴത്തിൽ അറിയുന്നവൾ,
എല്ലാ നഗരങ്ങളെയും വയറ്റിൽപ്പേറുന്നവൾ.
കുഞ്ഞായിരുന്നപ്പോൾ, ബന്ധുക്കളാരും
അവളെ എടുത്തോമനിച്ചിരുന്നില്ല.
അവൾ മരച്ചീളും കടൽവെള്ളവുമായിരുന്നു.
അവർക്ക് അവൾ യുദ്ധത്തെ ഓർമ്മിപ്പിക്കുന്നവൾ.
അവളുടെ പതിനഞ്ചാം പിറന്നാളിന്
മുടി കയറുപോലെ പിരിച്ചുകെട്ടാനും
കുന്തിരിക്കം പുകയ്ക്കാനും
നിങ്ങൾ അവളെ പഠിപ്പിച്ചു.
അവൾ ചുമച്ചപ്പോൾ, നിങ്ങൾ അവളെ
പനിനീരുകൊണ്ട് കവിൾകൊള്ളിപ്പിച്ച്
പറഞ്ഞു: നിന്നെപ്പോലുള്ള മക്കാണ്ടോ
പെൺകുട്ടികളെ ഒറ്റപ്പെടലോ
ഇല്ലായ്മയോ മണക്കാൻ പാടില്ല.
നിങ്ങൾ അവളുടെ അമ്മയാണ്.
എന്തുകൊണ്ട് നിങ്ങൾ അവൾക്ക്
മുന്നറിയിപ്പ് കൊടുത്തില്ല,
തകരുന്ന തോണിയെ എന്ന പോലെ
ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞില്ല,
അവൾ ഭൂഖണ്ഡങ്ങളാൽ ചുറ്റപ്പെട്ടിരുന്നെങ്കിൽ
അവളുടെ പല്ലുകൾ ചെറു കോളനികളായിരുന്നെങ്കിൽ
അവളുടെ വയർ ഒരു ദ്വീപ് ആയിരുന്നെങ്കിൽ
തുടകൾ അതിരുകൾ ആയിരുന്നെങ്കിൽ
ആണുങ്ങളാരും അവളെ സ്നേഹിക്കില്ലെന്ന്?
തന്റെ കിടപ്പറയിൽ കിടന്ന്
ലോകം കത്തുന്നത് കാണാൻ
എങ്ങനെയുള്ള ആണാണ് ആഗ്രഹിക്കുക?
നിങ്ങളുടെ മകളുടെ മുഖം ഒരു ചെറു ലഹള,
അവളുടെ കൈകൾ ആഭ്യന്തര യുദ്ധം,
ഓരോ കാതിനു പിന്നിലും അഭയാത്ഥി ക്യാമ്പ്,
അവളുടേത് വൈരൂപ്യ കാര്യങ്ങൾ
ചിതറിക്കിടക്കുന്ന ഒരു ശരീരം.
എങ്കിലും ദൈവമേ,
അവൾ ഈ ലോകത്തെ
നന്നായി പേറുകയല്ലേ?
'Ugly' by Warsan Shire from Teaching My Mother How To Give Birth