— യഹൂദ അമിഹായ് (1924-2000)
അതിന്റെ ആഘാതം ഏഴ് മീറ്ററോളമെത്തി.
നാല് പേർ മരിച്ചു, പതിനൊന്നുപേർക്ക് പരിക്കേറ്റു.
ഇതിനെചുറ്റി കാലത്തിന്റെയും വേദനയുടെയും
വലിയൊരു വലയമുണ്ട്, രണ്ട് ആശുപത്രികളും
ഒരു ശ്മശാനവും തകർന്നിട്ടുണ്ട്.
മരിച്ചൊരു യുവതിയെ അടക്കിയത്
നൂറ് കിലോമീറ്ററിലധികം അകലെയുള്ള
അവളുടെ നാട്ടിലാണെന്നതിനാൽ
വലയത്തിന്റെ വിസ്താരം പിന്നെയും കൂടുന്നു.
അവളുടെ മരണത്താൽ തനിച്ചായവൻ കരയുന്നത്
അകലെ കടലിനക്കരെയുള്ള നാട്ടിലായതിനാൽ
ലോകമാകെ ഈ പരിധിക്കുള്ളിലാകുന്നു.
ദൈവസന്നിധിയിലും അതിനപ്പുറവുമെത്തുന്ന
അനാഥരായവരുടെ കരച്ചിലിനെപ്പറ്റി
ഞാൻ പറയുന്നേയില്ല;
അതിൽ ഇല്ലാതാകുന്നു
വലയത്തിന്റെ പരിധി, ദൈവവും.