ഒരു കവിതയെടുക്കാനും
വർണ്ണച്ചില്ലെന്ന പോലെ അതിനെ
വെളിച്ചത്തേക്കുയർത്തിപ്പിടിച്ചു നോക്കാനും
ഞാൻ അവരോട് ആവശ്യപ്പെടുന്നു
അല്ലെങ്കിൽ അതിന്റെ
തേനറയോട് കാതു ചേർത്തു വെക്കാൻ.
കവിതയ്ക്കുള്ളിലേക്ക് ഒരു എലിയെ ഇടാനും
അതെങ്ങനെ പുറത്തേക്കുള്ള വഴി
കണ്ടെടുക്കുന്നെന്ന് നോക്കാനും
ഞാൻ ആവശ്യപ്പെടുന്നു
അതല്ലെങ്കിൽ കവിതയുടെ മുറിക്കുള്ളിലൂടെ
നടക്കാനും വെളിച്ചത്തിനായുള്ള സ്വിച്ചിനായി പരതി
ചുവരറിയാനും ഞാൻ പറയുന്നു.
തീരത്തുള്ള കവിയുടെ പേരിനു നേരെ കൈവീശി
കവിതയുടെ പ്രതലത്തിനു കുറുകെ അവർ
തെന്നിനീങ്ങണമെന്നാണ് എന്റെ ആവശ്യം.
എന്നാൽ അവർക്കു വേണ്ടതോ
കവിതയെ ഒരു കസേരയിൽ കയറിൽക്കെട്ടി
പീഡിപ്പിച്ച് കുമ്പസാരിപ്പിക്കലും
എന്താണത് ശരിക്കും അർത്ഥമാക്കുന്നതെന്നറിയാൻ
ഒരു കുഴൽ കൊണ്ട് അവരതിനെ
പ്രഹരിക്കാൻ തുടങ്ങുന്നു.