— അബ്ബാസ് കിയാരോസ്തമി (1940-2016)
പ്രാവിന്റെ വെണ്മ
വെൺമേഘങ്ങൾ മായ്ക്കുന്നു —
മഞ്ഞുവീഴുന്ന ദിവസം.
• • •
വെള്ളത്തലമുടിയുള്ള സ്ത്രീ
ചെറിവിരിയുന്നതിൽ കണ്ണുംനട്ടിരിക്കുന്നു:
"എന്റെ വാർദ്ധക്യത്തിൻ വസന്തമെത്തിയോ?"
• • •
ഉറങ്ങുന്ന ഒരു ആണിൻ അരികിൽ
അവൾ ഉണർന്നിരിക്കുന്നു—
തലോടുന്നൊരു കൈ മോഹിക്കാതെ.
• • •
പൂർണ്ണചന്ദ്രന്റെ പ്രതിബിംബം വെള്ളത്തിൽ.
വെള്ളം പിഞ്ഞാണത്തിൽ.
ദാഹിക്കുന്നയാൾ ഉറക്കത്തിലും.
• • •
അഴയിൽ അലയടിക്കുന്ന എന്റെ വസ്ത്രം
സ്വാതന്ത്ര്യത്തിൻ പതാക:
ഭാരം കുറഞ്ഞ്. ഉടലിന്റെ കെട്ടുപാടിൽ
നിന്നും മോചിപ്പിക്കപ്പെട്ട്.
• • •
മഞ്ഞിൽ ചുവന്ന തുള്ളികളുടെ വരി:
മുറിവേറ്റ മൃഗം
മുടന്തി നീങ്ങുന്നു.
• • •
ശരത്കാലക്കാറ്റിന്റെ ആദ്യ കൈയ്യേറ്റത്തിൽ
ഒരു കൂട്ടം ഇലകൾ
എന്റെ മുറിയിൽ അഭയം തേടുന്നു.
• • •
പാതിരാവിൽ
ഒരു കിളി പാടുന്നു:
കിളികൾക്കു പോലുമത് അപരിചിതം.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
