— ജാക്ക് ഗിൽബർട്ട് (1925-2012)
ജോലി കഴിഞ്ഞ് ഞാൻ
അവൾക്കൊപ്പം വീട്ടിലേക്ക് നടക്കും
റോസാപ്പൂക്കൾ വാങ്ങി,
പിയാനോയെപ്പറ്റി മിണ്ടിക്കൊണ്ട്.
ജീവസ്സുറ്റവളായിരുന്നു അവൾ.
ചൂടുതിങ്ങി വിങ്ങുന്നതായിരുന്നു
അവളുടെ ചെറിയ മുറി,
അവിടെ ജനാലകൾ ഒന്നുമില്ലായിരുന്നു.
കീഴ് വസ്ത്രമൊഴികെ
എല്ലാം അവൾ ഊരിക്കളയുമായിരുന്നു,
മുടിയിൽ നിന്നും പിന്നുകളൂരി
ഉച്ചത്തിൽ നിലത്തേക്കെറിയും.
ക്രീറ്റ് പോലെ.
ഞങ്ങൾ സെക്സിലേർപ്പെട്ടിരുന്നില്ല.
ആ മുലഞെട്ടുകളുമായി അവൾ
കിടക്കയിലേക്കു വരും.
എന്റെ ഉറ്റ സുഹൃത്തിനെപ്പറ്റി മിണ്ടിക്കൊണ്ട്
ഞങ്ങൾ വിയർത്തങ്ങനെ കിടക്കും.
അവരിരുവരും പ്രേമത്തിലായിരുന്നു.
ഞാൻ സംസാരം നിർത്തുമ്പോൾ
അവൾ സാധാരണ ഡെബ്യുസിയെ വെക്കും,
എന്നിട്ട്, ചെറിയ വാരിയെല്ലുകളിലേക്ക്
ചരിഞ്ഞുതാഴ്ന്ന്, എന്നെ കടിക്കും.
അമർത്തിത്തന്നെ.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
