— ഒക്റ്റാവിയോ പാസ് (1914-1998)
നീണ്ടു, നിശബ്ദമായിക്കിടക്കും തെരുവ്.
ഇരുട്ടിൽ തപ്പിത്തടഞ്ഞു നടക്കുന്നു ഞാൻ,
കല്ലുകൾക്കും കരിയിലകൾക്കും മുകളിലൂടെ
വീണുമെഴുന്നേറ്റുമുള്ള അന്ധമാം നടത്തം.
എനിക്കു പുറകെ മറ്റാരോ നടക്കുന്നുണ്ട്:
ഞാൻ നിൽക്കുമ്പോൾ, ആയാൾ നിൽക്കുന്നു
ഞാനോടുമ്പോൾ അയാളുമോടുന്നു.
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ: ആരുമില്ല.
എല്ലാം ഇരുണ്ടു കിടക്കുന്നു, പുറത്തേക്കോ
വഴിയുമില്ല. ഓരോ മുക്കിലും മൂലയിലും
ചെന്നെത്തി തിരിയുന്ന ഞാൻ
തിരിച്ചു തെരുവിൽത്തന്നെ വന്നെത്തുന്നു,
അവിടെയാരുമെന്നെ കാക്കുന്നില്ല, പിന്തുടരുന്നില്ല.
തപ്പിത്തടഞ്ഞു വീണുമെഴുന്നേറ്റും നടക്കുന്ന
ഒരാളെ ഞാനവിടെ പിന്തുടരുന്നു,
എന്നെ കാണവേ അയാൾ പറയുന്നു: ആരുമില്ല.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
