— ഗിയോർഗ് ട്രാക്ക്ൽ (1887 – 1914)
ഉപേക്ഷിക്കപ്പെട്ട മുറികളിലൂടെ
കടന്നുപോകുന്നൊരെന്നെ ഞാൻ കണ്ടു.
നീലിച്ചവാനിൽ താരകങ്ങൾ ചാഞ്ചാടി.
തുറസ്സിൽ ഏകാന്തരാം പട്ടികൾ ഓരിയിട്ടു.
മരങ്ങൾക്കുച്ചിയിലൂടെ കാറ്റ് അലയടിച്ചു.
പൊടുന്നനെ: നിശബ്ദത! പനിച്ചൂടിനാൽ എന്റെ
വായിൽ വിഷപൂക്കൾ പൂക്കുന്നു.
ഒരു മുറിവിൽ നിന്നെന്നപോലെ
ചില്ലകളിൽ നിന്നും മഞ്ഞ് ഇറ്റുവീഴുന്നു.
വിളറി മങ്ങി അതിന്റെ വീഴ്ച, രക്തമിറ്റുംപോലെ.
കണ്ണാടിയുടെ കബളിപ്പിക്കും ശൂന്യതയിൽ
ഇരുട്ടിനും ഭയത്തിനും മേൽ അവ്യക്തമായി
സാവധാനത്തിൽ ഒരു മുഖം വെളിപ്പെടുന്നു: കായേൻ!
വെൽവെറ്റ് കർട്ടന്റെ മർമ്മരം,
ശൂന്യതയിലേക്കെന്ന പോലെ ജനലിലൂടെ
ഉറ്റുനോക്കുന്നു നിലാവ്.
അവിടെ ഞാനെന്റെ കൊലയാളിക്കൊപ്പം, തനിച്ച്.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
