ഞാൻ കരുതുന്നത് എന്റെ കഴിഞ്ഞകാലം
എന്റെ ഭാഗമാണെന്നാണ്,
വെയിലേൽക്കുമ്പോൾ നിഴൽ
കാണപ്പെടുന്നപോലെ.
കഴിഞ്ഞകാലത്തെ കളയാനാകില്ല
അതിന്റെ ഭാരം ചുമന്നേ പറ്റൂ,
അല്ലെങ്കിൽ ഞാൻ മറ്റാരെങ്കിലുമാകും.
തന്റെ കഴിഞ്ഞകാലത്തെ പൂന്തോട്ടത്തിൽ
കെട്ടിപ്പൊക്കിയ ഒരുത്തനെ ഞാൻ കണ്ടു,
അവനുണ്ടാക്കുന്നതെന്നും പുതിയമട്ടിലായിരുന്നു.
അനുവാദമില്ലാതെ അവന്റെ വസ്തുവിൽ
കയറിയാൽ നിങ്ങളെ എതിരേൽക്കുക
കാവൽനായ്ക്കളോ തോക്കോ ആയിരിക്കും.
തന്റെ കഴിഞ്ഞകാലത്തെ തുറമുഖമാക്കി
പടുത്തുയർത്തിയ ഒരാളെ കണ്ടു.
എപ്പോഴൊക്കെ തുഴയുന്നോ,
അപ്പോഴെല്ലാം അവന്റെ വഞ്ചി സുരക്ഷിതം.
കൊടുങ്കാറ്റ് വരുമ്പോൾ
അവന് വീട്ടിലേക്ക് തിരിക്കാം,
അവന്റെ കടൽയാത്രയ്ക്ക്
ഒരു പട്ടത്തിന്റെ സാഹസികത.
ചവറ് കളയുന്ന പോലെ തന്റെ
കഴിഞ്ഞകാലത്തെ ഉപേക്ഷിച്ച ഒരാളെ കണ്ടു.
അവൻ അത് മൊത്തത്തിൽ കുഴിച്ചുമൂടി.
കഴിഞ്ഞകാലം ഇല്ലാതെയും ഒരാൾക്ക്
മുന്നോട്ട് പോകാമെന്നും എവിടെയെങ്കിലും
എത്തിച്ചേരാമെന്നും അയാളെനിക്ക്
കാണിച്ചുതന്നു.
ഒരു ശവക്കച്ച പോലെ എന്റെ കഴിഞ്ഞകാലം
എന്നെ പൊതിയുന്നു, അത് മുറിച്ചും തുന്നിയും
ഞാൻ നല്ല ചെരിപ്പുകളുണ്ടാക്കും,
എന്റെ പാദങ്ങൾക്ക് പാകമാകുന്ന ചെരിപ്പുകൾ.
'The Past' by Ha Jin