— ഹാ ജിൻ (1956-)
നടക്കുമ്പോൾ, വീട്ടിലേക്ക് മടങ്ങുമ്പോഴോ
സുഹൃത്തിനെ കാണാൻ പോകുമ്പോഴോ
അവർ വരുന്നു. തൂണുകൾക്കോ
മരങ്ങൾക്കോ മറവിൽ നിന്നും
അവർ വെളിപ്പെടുന്നു.
മാനിനെ വളയുന്ന വേട്ടനായ്ക്കളെ പോലെ
നിങ്ങൾക്ക് നേരെ അടുക്കുന്നു.
ഓടിയിട്ടോ ഒളിച്ചിട്ടോ കാര്യമില്ലെന്നതിനാൽ
നിങ്ങൾ അവിടെ നിൽക്കുന്നു,
ഒരു സിഗരറ്റ് കത്തിച്ച് അതുംവലിച്ച്
അവർക്കായി കാക്കുന്നു.
ചിലപ്പോൾ നിങ്ങൾ ഒരു റെസ്റ്റോറന്റിൽ
കഴിക്കാനിരിക്കുമ്പോൾ, സൂപ്പും കുടിച്ച്
ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ
അവർ വരുന്നു. ഒരു ഉറച്ച കൈ
നിങ്ങളുടെ തോളിൽ പതിക്കുന്നു.
അത്തരം കൈകൾ നിങ്ങൾക്ക്
പരിചിതമാണ് അതിനാൽ
മുഖം കാണാനായി
തിരിഞ്ഞുനോക്കേണ്ടതില്ല.
ഭക്ഷണം കഴിക്കാൻ വന്ന മറ്റുള്ളവർ
ഭയന്ന് ഇറങ്ങിപ്പോകുന്നു,
സംസാരിക്കുമ്പോൾ വിളമ്പുകാരിയുടെ
താടി വിറയ്ക്കുന്നു, പക്ഷേ നിങ്ങൾ
അവിടെ ഇരുന്ന്, ബില്ലിനായി കാക്കുന്നു.
പണം കൊടുത്ത ശേഷം നിങ്ങൾ
അവരുടെ കൂടെ പോകുന്നു.
ചിലപ്പോൾ നിങ്ങൾ ഓഫീസ് തുറക്കുമ്പോൾ,
മൂന്ന് മണിക്കൂറുകൊണ്ട് ഒരു ലേഖനം
എഴുതിത്തീർക്കാനിരിക്കുമ്പോൾ അല്ലെങ്കിൽ
ഒരു നിരൂപണം വായിക്കുന്നതിന് മുമ്പ്
ഒരു ചായയിട്ട് കുടിക്കാൻ നോക്കുമ്പോൾ
അവർ വരുന്നു. വാതിലിനു പിന്നിൽ,
പ്രേതം ഒരു കുഞ്ഞിനെ തന്റെ
ഒളിയിടത്തിലേക്ക് വിളിക്കുന്നപോലെ.
കപ്പുകളും കടലാസ്സുകളും നിലത്ത്
ചിതറിക്കിടക്കുന്നതിനാൽ അവർ
അകത്ത് വരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല.
വീട്ടുകാരെ വിവരം അറിയിക്കാനായി
വഴിയെന്തെങ്കിലുമുണ്ടോയെന്നു
നിങ്ങൾ നോക്കുന്നു.
ചിലപ്പോൾ, രാപ്പകൽ പട്ടിയെപ്പോലെ
പണിയെടുത്ത് തളർന്ന്, ഒന്ന് കുളിച്ച്,
രണ്ടെണ്ണമടിച്ച് നന്നായൊന്ന് ഉറങ്ങാമെന്ന്
കരുതി നിങ്ങളിരിക്കുമ്പോൾ അവർ വരുന്നു.
അവർ നിങ്ങളുടെ സ്വപ്നത്തിന്റെ നിറം മാറ്റുന്നു:
നിങ്ങളുടെ ശരീരത്തിലെ മുറിവിനാൽ
നിങ്ങൾ കരയുന്നു,
മറ്റുള്ളവരുടെ വിധിയോർത്ത് ദുഃഖിക്കുന്നു,
ഇപ്പോൾ മാത്രം നിങ്ങൾ തിരിച്ച്
പ്രതികരിക്കാൻ തുനിയുന്നു.
പക്ഷേ ഒരു കനത്ത അടിയോ
'അയ്യോ' എന്ന കരച്ചിലോ നിങ്ങളെ
പിന്നെയും നിശബ്ദനാക്കുന്നു,
വീണ്ടും ഉറക്കം നഷ്ടപ്പെടുന്നു.
നോക്ക്, അവർ വരുന്നുണ്ട്.
"They Come" By Ha Jin from A Distant Center