ഈ ട്രക്കിൽ നീയെന്നെ കാത്തിരുത്തുകയാണ്,
അതിന്റെ നല്ല ചക്രം കുഴിയിൽ പൂണ്ടിരിക്കുന്നു.
നീയോ മരത്തിന് തെക്കേവശത്തേക്ക്
മൂത്രമൊഴിച്ചു സമയം കളയുന്നു.
ഒന്നുവേഗം. ഈ രാത്രി എന്റെ സ്കേർട്ടിനു
അടിയിൽ ഞാൻ ഒന്നുമിട്ടിട്ടില്ല.
അക്കാര്യമിപ്പോഴും നിന്റെ കാമമുണർത്തുന്നു,
പക്ഷേ ഈ പിക്കപ്പിനു വിൻഡോയില്ല, സീറ്റുമില്ല.
വ്യാജ തുകലിലുണ്ടാക്കിയ നീളൻ കാലുറ
അതെന്റെ തുടയിലമർന്നുള്ള തണുപ്പ്.
ഞാൻ അതേ വടിവിലും വണ്ണത്തിലും തന്നെ,
ഇരുപതുവർഷം മുമ്പത്തെപ്പോലെ,
എന്റെ അകത്ത് കേറ്, എഞ്ചിൻ സ്റ്റാർട്ടാക്ക്;
നിനക്കുണ്ടാകണം ബലം, മുന്നേറാൻ മനഃശക്തി.
ഞാൻ വലിക്കും, നീ തള്ള്,
നമ്മൾ അന്യോന്യം നടുവേ പിളർക്കും.
ഇങ്ങ് വാടാ, എന്നെ മലർത്തിക്കിടത്ത്.
എന്നോടില്ല ഒരു ബാധ്യതയുമെന്നു നടിക്ക്,
എല്ലാം ആദ്യമെന്നമട്ടിൽ തുടങ്ങാനായേക്കും,
കഴിഞ്ഞതിനെയെല്ലാം പിന്നിൽ കൂട്ടിയിട്ട്
ഉപേക്ഷിക്കുകയാണ്; പഴയപത്രങ്ങൾ
ഒരിക്കലുമാരും വീണ്ടും വായിക്കാറില്ല.
'Twenty-year Marriage' by Ai