കാരണം സന്തോഷം എന്ന വാക്ക് ഉച്ചരിക്കുന്ന നിമിഷം
ഒരിക്കലും സന്തോഷത്തിൻ്റെ നിമിഷമാകുന്നില്ല.
കാരണം ദാഹിക്കുന്ന മനുഷ്യൻ ഒരിക്കലും
തൻ്റെ ദാഹത്തിനു വായ കൊടുക്കുന്നില്ല.
തൊഴിലാളിവർഗ്ഗം എന്ന വാക്ക് കടന്നുപോകുന്നത്
തൊഴിലാളിയുടെ ചുണ്ടിലൂടെയാകുന്നില്ല.
കാരണം നിരാശ അനുഭവിക്കുന്ന
ആൾക്കൊരിക്കലും'ഞാൻ നിരാശവാനാണ്'
എന്നു പറയാനായി തോന്നുന്നില്ല.
രതിമൂര്‍ച്ഛയും രതിമൂര്‍ച്ഛ എന്നതും എത്രയോ വേറിട്ടതാണ്.
കാരണം മരിക്കുന്ന ആളൊരിക്കലും
'ഞാൻ മരിക്കുന്നെന്ന്' പ്രഖ്യാപിക്കുന്നില്ല,
ആകെയുള്ളത് ഊര്‍ദ്ധ്വശ്വാസം മാത്രം, അതാകട്ടെ
മനസ്സിലാക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നു.
കാരണം മരിച്ചവരുടെ കാതടപ്പിക്കുന്ന
പ്രവർത്തി ജീവിച്ചിരിക്കുന്നവരുടേതാകുന്നു.
കാരണം വാക്കുകൾ വരുന്നത് എപ്പോഴും
ഏറെ വൈകിയോ വളരെ നേരത്തെയോ ആണ്.
കാരണം മറ്റാരോ ആണ്, എല്ലായിപ്പോഴും
മറ്റാരോ ആണ് സംസാരിക്കുന്നത്,
കാരണം സംസാരിക്കേണ്ടവർ ആരാണോ അവർ
അവരുടെ മൗനം പാലിക്കൽ തുടരുകയാണ്.
"Further Reasons Why Poets Do Not Tell the Truth" by Hans Magnus Enzensberger from New Selected Poems