ഏഴാം നാളിൽ

ലോർണ ക്രോസിയെർ (1948-)

ഒന്നാം നാൾ ദൈവം അരുൾ ചെയ്തു,
വെളിച്ചമുണ്ടാകട്ടെ.
അങ്ങനെ വെളിച്ചമുണ്ടായി.
രണ്ടാം നാൾ ദൈവം അരുൾ ചെയ്തു,
വെളിച്ചമുണ്ടാകട്ടെ,
അങ്ങനെ കൂടുതൽ വെളിച്ചമുണ്ടായി.

മനോരാജ്യത്തിൽ മുഴുകുന്നയാളാണ്
അങ്ങേരെന്നു അറിയുന്നതിനാൽ
ദൈവത്തിന്റെ ഭാര്യ ചോദിച്ചു:
നിങ്ങൾ എന്താണീ ചെയ്യുന്നത്,
ഇന്നലെയല്ലേ നിങ്ങൾ വെളിച്ചം
സൃഷ്ടിച്ചത്?


ഞാനത് മറന്നു, ദൈവം പറഞ്ഞു,
ഇനിയിപ്പോൾ എന്താ ചെയ്യുക?

ഒന്നും ചെയ്യാനില്ല, ഭാര്യ പറഞ്ഞു,
പക്ഷെ ഇനി ശ്രദ്ധ മാറാതെ നോക്കൂ.
മുഷിച്ചിലോടെ അവൾ
അവിടെ നിന്നും പോയി,
പൊടിപിടിക്കാത്ത മുറികളാണ്
സ്വർഗ്ഗത്തിലുള്ളതെങ്കിലും
ഒരു ഭാര്യയ്ക്ക് ചെയ്യേണ്ടതായി
കുറേ വീട്ടുജോലികൾ അവിടെയുണ്ട്.

മൂന്നാം നാൾ ദൈവം അരുൾ ചെയ്തു,
വെളിച്ചമുണ്ടാകട്ടെ,
നാലാം നാളും അഞ്ചാം നാളും
ഇതുതന്നെ ആവർത്തിച്ചു.
(അയാളുടെ ഭാര്യ അവളുടെ അമ്മയെ
കാണാൻ പോയിരിക്കുകയായിരുന്നു)

അവൾ മടങ്ങി വന്നപ്പോൾ ആറാം നാൾ
മാത്രമാണ് ശേഷിച്ചിരുന്നത്,
കണ്ണഞ്ചിക്കുന്ന വെളിച്ചമായിരുന്നു,
അതിനെ താങ്ങാനായി ദൈവത്തിന്
ആകാശം വലിച്ചു വലിച്ചു നീട്ടേണ്ടി വന്നു,
അങ്ങനെ മുറിമൊത്തം ആകാശം കൈയ്യേറി–
അത് എന്തിനേക്കാളും വലുതായിരുന്നു
ദൈവത്തിനു പോലും സങ്കൽപ്പിക്കാൻ
ആകുന്നതിനേക്കാൾ വലുത്.

ഒന്നു വേഗം നിൽക്കാനൊരു
ഇടമുണ്ടാക്ക്
, അയാളുടെ ഭാര്യ പറഞ്ഞു.
ദൈവം നിലവിളിച്ചു: ഭൂമിയുണ്ടാകട്ടെ!
മണ്ണിന്റെ നേർത്ത രേഖ ആകാശത്തിൽ
ചെന്നുമുട്ടി, ലോകത്തെ മുഴുവൻ നീലിമയും
മുതുകിൽപ്പേറുന്ന ചതഞ്ഞ പാമ്പിനെപ്പോലെ.
എപ്പോഴും ചെയ്യുന്ന പോലെ ഏഴാം നാൾ
ദൈവം വിശ്രമിച്ചു,
അല്ല, വിശ്രമമല്ല ശരിയായ വാക്ക്,
അയാളുടെ ഭാര്യയ്ക്കങ്ങനെ
സമ്മതിച്ചുകൊടുക്കേണ്ടിവന്നു.

ഏഴാം നാൾ ദൈവം തന്റെ പഠനമുറിയിൽ
ചെന്നിരുന്ന് തന്റെ കുറിപ്പെഴുത്തു പുസ്തകത്തിൽ
അതീവശ്രദ്ധയോടെ വലിയ വളവുകളോടെയും
തിരിവുകളോടെയും എഴുതി,
തീർച്ചയായും, വസ്തുതകളെല്ലാം തിരുത്തി,
ആണിന്റെ വാരിയെല്ലിൽ നിന്നും
പെണ്ണിനെ സൃഷ്ടിക്കുന്നെന്ന് വരെയായി,
അതൊന്ന് ആലോചിച്ച് നോക്കൂ!
പക്ഷെ എന്തിന് അസ്വസ്ഥയാകണം?

അവൾ ചിന്തിച്ചു, ഇതൊക്കെ ആരാണ്
വിശ്വസിക്കാൻ പോകുന്നത്?


എന്തായാലും അവൾക്ക്
അവളുടെ ജോലികൾ ചെയ്യാനുണ്ട്.
അയാൾ വിട്ടുപോയതെല്ലാം
അവൾക്ക് സൃഷ്ടിക്കണം, അതിനായി
ബാക്കിയുള്ളത് ഒരു നാൾ മാത്രം.
ഇലകൾ ഇലകളായി
കൈപ്പത്തികൾ കൈപ്പത്തികളായി
രണ്ട് രണ്ടായി
ആദിയിൽ തീരുമാനിച്ച പോലെ
ഇനിയിപ്പോൾ ഒന്നും
അനശ്വരമാകാൻ പോകുന്നില്ല.

പോയി പെറ്റുപെരുകൂ
അതെ, അവൾക്കത് പറയേണ്ടിവന്നു.
അന്ത്യമില്ലാത്ത ജീവിതത്തിന്
വളരെക്കുറച്ച് ഇടമേ ബാക്കിയുണ്ടായുള്ളൂ,
എന്നും എന്നന്നേക്കുമായി,
വിശാലമായ പ്രയറി ആകാശത്തിനു കീഴിൽ,
ഭൂമിയുടെ ആ ചെറിയ മൺത്തിട്ടമേൽ.

“On the Seventh Day” by Lorna Crozier from Inventing the Hawk
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ