I
ഇവിടെ ഇപ്പോൾ പോലും
ഞാൻ ഒരിടം കാണുന്നു,
സ്വതന്ത്രമായ ഒരിടം
ഇവിടെ ഈ നിഴലിൽ.
II
ഈ നിഴൽ
വിൽപ്പനയ്ക്കുള്ളതല്ല
III
കടൽ പോലും ചിലപ്പോൾ
നിഴൽ വീഴ്ത്തുന്നു,
അതേമട്ടിൽ സമയവും.
IV
നിഴലുകളുടെ യുദ്ധങ്ങൾ
വെറും കളികൾ:
ഒരു നിഴലും മറ്റൊന്നിന്റെ
വെളിച്ചത്തിൽ നിൽക്കുന്നില്ല.
V
നിഴലിൽ ജീവിക്കുന്നവരെ
കൊല്ലാൻ പാടാണ്.
VI
അൽപ്പനേരത്തേക്ക്
ഞാനെന്റെ നിഴലിനു പുറത്ത് കടക്കുന്നു,
അൽപ്പനേരത്തേക്ക് മാത്രം.
VII
വെളിച്ചത്തെ അതായിത്തന്നെ
കാണേണ്ടവർ
നിഴലിലേക്ക് പിൻവാങ്ങണം.
VIII
സൂര്യനേക്കാൾ
തിളക്കമുള്ള നിഴൽ,
സ്വാതന്ത്ര്യത്തിൻ ശീതള നിഴൽ.
IX
പൂർണ്ണമായും നിഴലിൽ,
എന്റെ നിഴൽ കാണാതാകുന്നു.
X
നിഴലിൽ ഇപ്പോഴും
ഒരിടമുണ്ട്.
"Shadow Realm" by Hans Magnus Enzensberger from New Selected Poems