കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ (1948-)

പിഞ്ഞാണത്തിലേക്ക് ഛർദ്ദിക്കുകയായിരുന്ന
തന്റെ അമ്മയെ ചേർത്തുപിടിക്കുന്ന
അവനെ ഞാൻ നോക്കിയിരുന്നു.
നനഞ്ഞ തുണിയാൽ അവൻ
അമ്മയുടെ മുഖം തുടച്ചു,
പിന്നിൽ ചരടിനാൽ കെട്ടിയ
മുഷിഞ്ഞ ഉടുപ്പ് ഞങ്ങൾ ഇരുവരും
ചേർന്നൂരാൻ നോക്കി.

തൊലി വേർപ്പെടുമോയെന്ന് ഭയന്ന്
അവരെ പൊന്തിക്കാനാകാതെ
പുതപ്പിനടിയിലെ പഞ്ഞി ഞാൻ വലിച്ചെടുത്തു.
അവൻ ആ പേപ്പർ ഡയപ്പർ മാറ്റി.
ഇതെല്ലാം എങ്ങനെ ചെയ്യണം,
എന്ത് പറയണം എന്നൊന്നും
ഞങ്ങളെയാരും പഠിപ്പിച്ചിരുന്നില്ല.
ഇവിടെയെല്ലാം അത്രയും ലോലമായിരുന്നു
ഒരു നിശ്വാസം മതിയായിരുന്നു തകരാൻ.

ട്യൂബ്യും സൂചിയുമിട്ട് മുറിപ്പെട്ട
തന്റെ മുലകൾ കൈകൊണ്ട് പൊത്തി
അമ്മ മുഖംതിരിച്ച് അകലേക്ക്‌ നോക്കി.
ഇതൊന്നും സാരമില്ല അമ്മേ, അവൻ പറയുന്നു,
നാണിക്കേണ്ടതായൊന്നുമില്ല,
ഇത്രകാലത്തെ ജീവിതത്തിനിടയ്ക്ക്
ഡസൺ കണക്കിന് പെണ്ണുങ്ങളെയെങ്കിലും
ഞാൻ വിവസ്ത്രരാക്കിയിട്ടുണ്ട്.

എന്റെ കാമുകൻ അവന്റെ അമ്മയുടെ
തുണിയൂരുന്ന ഈ മുറിയിലിരുന്ന്
ഞങ്ങൾ മൂവരും ചിരിച്ചു.

പിന്നീട്, ഞങ്ങളുടെ കിടക്കയിൽ നഗ്നയായി
ഞാൻ അവനരികിൽ ചുരുണ്ടുകൂടിക്കിടന്നു.
അവന്റെ ഉറക്കം ശ്രദ്ധിച്ച്,
ഓരോ ശ്വാസത്തിനും കാതോർത്ത്.
അവന് പനിച്ചു, തണുപ്പകറ്റാൻ
അവന്റെ മാംസം സ്വയം ജ്വലിച്ചു.

അവൻ മേല് കഴുകിയിരുന്നെങ്കിലും
അവന്റെ തൊലിമേൽ
എനിക്കു അവരെ മണത്തു,
മേലാസകലം അവർ
തന്റെ കിഴവിനാവുകൊണ്ട്
അവനെ നക്കിയ പോലെ.

അങ്ങനെ ഇനി അവനൊപ്പം
കിടക്കുന്നവരെല്ലാം
അറിയാൻ പോകുകയാണ്,
അവനിപ്പോഴും അവന്റെ
അമ്മയുടെ മോനാണെന്ന്.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ