ഇതൊരു തീയ്യിന്റെ കഥയാണ്;
എന്നോടിത് പറഞ്ഞത് നീയാണ്.
എന്റെ പ്രാണന്റെ സിഗററ്റിൽ
തീപ്പൊരി പകർന്നത് നീയാണ്
അതിൽപ്പിന്നെ എന്റെ ഹൃദയം
പുകഞ്ഞുകൊണ്ടേയിരിക്കുന്നു;
കാലം ഒരു പേനയുമെടുത്ത്
ചിരിച്ചുകൊണ്ട്, കണക്കെടുക്കുന്നു.
പതിനാല് മിനുറ്റാണ്
ഒരു സിഗററ്റ് വലിക്കാനെടുക്കുന്നത്;
ഇതെഴുതാൻ ഞാൻ
പതിനാല് വർഷങ്ങളെടുത്തു.
എന്റെ ശരീരം കത്തിക്കാത്ത
ഒരു സിഗററ്റായിരുന്നു.
അതിനു ജീവൻ പകർന്നത്
നിന്റെ ശ്വാസമാണ്.
അത് ഭൂമിയെ സാക്ഷിയാക്കി
കെടാതെ കത്തിക്കൊണ്ടിരുന്നു.
ആ സിഗററ്റ് കത്തിത്തീരുകയാണ്;
നിനക്ക് വലിച്ചെടുക്കാനായത്
എന്റെ പ്രേമഗന്ധത്തിൽ കുറച്ചുമാത്രം;
ഏറെയും കാറ്റിൽ പറന്നുപോയി.
ഇതാ സിഗററ്റുകുറ്റി;
എന്റെ പ്രേമത്തീയ്യിൽ നിന്റെ
വിരലുകൾ പൊള്ളാതിരിക്കാൻ
അത് ദൂരേക്ക് കളഞ്ഞേക്കൂ.
കത്തിത്തീർന്നതിനെപ്പറ്റി
ഇനി ആലോചിക്കേണ്ടതില്ല.
സിഗററ്റുകുറ്റിയിലെ തീയ്യേറ്റ്
കൈ പൊള്ളാതെ നോക്കൂ.
മറ്റൊരു സിഗററ്റെടുത്ത്
ഈ തീ അതിലേക്ക് പകരൂ.
“A Story of Fire” by Amrita Pritam from Black Rose & Existence