ഒരു പെണ്ണ് തന്റെ തുടയോട്

അന്ന സ്വിർ (1909–1984)

പ്രേമത്തിന്റെ അനുഷ്ഠാനങ്ങളിൽ
പങ്കുചേരാനെനിക്കു സാധിക്കുന്നതിനാൽ
നിന്റെ ഭംഗിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു.

നിഗൂഢമായ നിര്‍വൃതികൾ,
കടുംചുവപ്പ് ലിപ്സ്റ്റിക് പോലെ
രമണീയമായ വഞ്ചനകൾ,
സങ്കീർണ്ണമായ മനസ്സിന്റെ
വഴിപിഴച്ച വിചിത്രനിർമ്മിതികൾ,
ശ്വാസംമുട്ടിക്കുന്ന
കാമാഭിലാഷങ്ങളുടെ മാധുര്യം,
ലോകത്തിന്റെ അടിത്തട്ടോളമെത്തുന്ന
നൈരാശ്യത്തിന്റെ പടുകുഴികൾ:
ഇവയെല്ലാറ്റിനും നിന്നോട് കടപ്പെട്ടിരിക്കുന്നു.

തണുത്തവെള്ളത്തിന്റെ ചാട്ടകൊണ്ട്
എത്ര മൃദുവായിവേണം ഓരോ ദിവസവും
എനിക്കു നിന്നെ പ്രഹരിക്കുവാൻ,
പകരംവെക്കാനില്ലാത്ത അറിവും അഴകും
വശത്താക്കാൻ നീയല്ലോ എന്നെ അനുവദിക്കുന്നു.

രതിയുടെ വേളകളിൽ എന്റെ കാമുകരുടെ
ഹൃദയങ്ങൾ എനിക്കായി തുറക്കപ്പെടും,
അവയ്ക്കുമേൽ എന്റെ ആധിപത്യമുണ്ടാകും.

ശിൽപ്പി തന്റെ ശിൽപ്പത്തെ എന്നപോലെ
പരമാനന്ദത്താൽ വലയുന്ന,
സന്തോഷത്താൽ സാന്ദ്രമായ,
കണ്ണിമകളടഞ്ഞ അവരുടെ
മുഖത്തേക്ക് ഞാൻ നോക്കും.
അവരുടെ തലക്കകത്തെ ചിന്തകൾ
മാലാഖയെപോലെ വായിച്ചെടുക്കും,
മിടിക്കുന്നൊരു മനുഷ്യഹൃദയം
എന്റെ കൈക്കുള്ളിൽ ഞാനറിയും,
ഒരാൾ തന്റെ ജീവിതത്തിൽ
ഏറ്റവും സരളമായ നിമിഷങ്ങളിൽ
മറ്റൊരാളോടു മന്ത്രിക്കുന്ന
വാക്കുകൾക്കായി ഞാൻ കാതോർക്കും.

അവരുടെ ആത്മാവിലേക്ക് ഞാൻ കടന്നുചെല്ലും,
ആനന്ദത്തിന്റെയോ ഭയത്തിന്റെയോ നിരത്തിലൂടെ
കടലിന്റെ അടിത്തട്ടുപോലെ സങ്കല്പാതീതമായ
നിലങ്ങളിൽ ഞാൻ അലയും.
പിന്നെ, നിധിയുടെ വൻ ശേഖരവുമായി
പതിയെ എന്നിലേക്കുത്തന്നെ
തിരിച്ചെത്തും

ഹോ, എന്തൊരു സമൃദ്ധി,
അതീന്ദ്രിയ മാറ്റൊലികളിൽ പെരുകുന്ന
എത്ര അമൂല്യസത്യങ്ങൾ,
എത്ര കൊതിയൂറുന്ന
അമ്പരപ്പിക്കുന്ന തുടക്കങ്ങൾ,
എല്ലാറ്റിനും, എന്റെ തുടയേ,
ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു.

എന്റെ ആത്മാവിന്റെ ഉൽകൃഷ്ട വിശുദ്ധിയ്ക്ക്
ആകുമായിരുന്നില്ല ആ നിധിയിലൊന്നും
എനിക്കായി നൽകുവാൻ;
വശ്യലോലപ്രസന്നയായ കാമാസക്തയായ
കൊച്ചുമൃഗമേ, നിനക്കേ ആകുമായിരുന്നുള്ളൂ!

"A Woman Talks to Her Thigh' by Anna Swir
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ