എല്ലാം ഒത്തിണങ്ങിയ പെണ്ണ്

യഹൂദ അമിഹായ് (1924-2000)

തന്റെ മോഹങ്ങൾ എല്ലാം ചേർത്തുവെച്ച്
തനിക്കായി എല്ലാം ഒത്തിണങ്ങിയ പെണ്ണിനെ
സൃഷ്ടിച്ചെടുത്ത ഒരുവനെ എനിക്കറിയാം.

കടന്നുപോകുകയായിരുന്ന ബസ്സിൽ
ഇരിക്കുകയായിരുന്ന സ്ത്രീയുടെ മുടിയെടുത്തു,
കുഞ്ഞിലേ മരിച്ച മുറപ്പെണ്ണിന്റെ നെറ്റിത്തടം,
കുട്ടിക്കാലത്ത് പഠിപ്പിച്ച ടീച്ചറുടെ കൈകൾ,
കുട്ടിക്കാലത്ത് പ്രേമിച്ച കുട്ടിയുടെ കവിളുകൾ,
ഫോൺബൂത്തിൽ കണ്ട സ്ത്രീയുടെ വായ,
ബീച്ചിൽ കിടക്കുകയായിരുന്ന
ചെറുപ്പക്കാരിയിൽ നിന്നും തുടകൾ,
ഈ പെണ്ണിന്റെ വശ്യമായ നോട്ടം,
ആ പെണ്ണിന്റെ കണ്ണുകൾ,
പത്രപ്പരസ്യത്തിൽ നിന്നും ഇടുപ്പളവ്.

ഇവയിൽ നിന്നെല്ലാം താൻ ശരിക്കും
പ്രേമിക്കുന്ന പെണ്ണിനെ അവൻ
സൃഷ്ടിച്ചെടുത്തു.

അവൻ മരിച്ചപ്പോൾ, അവർ വന്നു,
എല്ലാ സ്ത്രീകളും—
വെട്ടിയെടുത്ത കാലുകൾ,
ചൂഴ്ന്നെടുത്ത കണ്ണുകൾ,
രണ്ടായി പിളർത്തിയ മുഖം ,
മുറിച്ചെടുത്ത കൈകൾ,
പറിച്ചെടുത്ത മുടി,
ആഴത്തിൽ ഒരു കീറൽ മാത്രമായ
വായ ഉണ്ടായിരുന്നയിടം,

തങ്ങളുടേത് ആയിരുന്നതെല്ലാം
താ... താ... എന്നവർ ആവശ്യപ്പെട്ടു,
അവന്റെ ശരീരം തുണ്ടംതുണ്ടമാക്കി,
ഇറച്ചി ചീന്തിയെടുത്തു.

പിന്നെ ആത്മാവ് മാത്രം ശേഷിച്ചു,
എന്നേ പാഴാക്കപ്പെട്ട
അവന്റെ ആത്മാവ് മാത്രം.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ