കല്ലിനുള്ളിലേക്ക് പോകുക,
അതായിരിക്കും എന്റെ രീതി.
മറ്റാരെങ്കിലും മാടപ്രാവോ
കടുവയുടെ പല്ലിറുമ്മലോ
ആയിക്കൊള്ളട്ടെ.
കല്ലാകുന്നതാണ് എനിക്കിഷ്ടം.
പുറമേ നിന്നു നോക്കുമ്പോൾ
കല്ലൊരു കടങ്കഥ; അതിനുള്ള ഉത്തരം
എങ്ങനെ പറയാമെന്ന് ആർക്കുമറിയില്ല.
എന്നാൽ അകത്തത് ശാന്തവും
നിശബ്‌ദവുമായിരിക്കും;
ഒരു പശുവിന്റെ മുഴുവൻ ഭാരവും
മുകളിലായിരിക്കുമ്പോഴും,
ഒരു കുഞ്ഞത് നദിയിലേക്ക്
എറിയുമ്പോഴും.
കല്ല് പതിയെ, ഒരു ഉലച്ചിലും തട്ടാതെ,
മുങ്ങി, നദിയുടെ അടിത്തട്ടിലെത്തും.
അവിടെ, മീനുകൾ വന്നതിൽ മുട്ടും
ശ്രദ്ധയോടെ നോക്കും.
രണ്ട് കല്ലുകൾ കൂട്ടിയുരയ്ക്കുമ്പോൾ
തീപ്പൊരി പാളുന്നത് ഞാൻ കണ്ടിട്ടുണ്ട്.
അതുകൊണ്ട് കല്ലിനുള്ളിൽ
ഇരുട്ടായിക്കൊള്ളണമെന്നില്ല;
ഒരുപക്ഷേ, ഒരു കുന്നിനു പിന്നിൽ
നിന്നെന്നപോലെ എവിടെനിന്നെങ്കിലും
നിലാവെളിച്ചം വന്നേക്കാം—
അകച്ചുവരിലെ വിചിത്രലിപികളും
നക്ഷത്രരാശികളും മനസ്സിലാക്കാൻ
ആവശ്യമായ വെളിച്ചം.
'Stone' by Charles Simic from 'Selected Early Poems'