അലറിവിളിക്കൽ

സൈമൺ ആർമിറ്റാജ് (1963-)

ഞങ്ങൾ സ്കൂൾ മുറ്റത്തേക്കു പോയി,
ഞാനും അവനും; അവന്റെ പേരോ
മുഖമോ ഇപ്പോൾ ഓർക്കുന്നില്ല.

മനുഷ്യരുടെ ശബ്ദത്തിന്റെ പരിധി
എത്രത്തോളമെന്നു നോക്കുകയായിരുന്നു
ഞങ്ങൾ: തന്നാലാകുന്നയത്രയും ഉച്ചത്തിൽ
അവന് അലറിവിളിക്കണമായിരുന്നു,
ഞാൻ നിൽക്കുന്നിടത്ത് ഒച്ചയെത്തിയാൽ
ഞാൻ കൈപ്പൊക്കിക്കാണിക്കണം.

കളിസ്ഥലത്തിന്റെ അറ്റത്തു നിന്നുമവൻ
അലറിവിളിച്ചു; ഞാൻ കൈപ്പൊക്കി.
കളിസ്ഥലത്തിനപ്പുറത്തെ റോഡിനറ്റത്തു
നിന്നും അവൻ ഉച്ചത്തിൽ കൂവി,

അടിവാരത്തുനിന്നും ഫ്രെട്ട്വെൽ ഫാമിന്റെ
കാവൽമാടത്തിൽ നിന്നും അവൻ കൂവി—
അപ്പോഴൊക്കെ ഞാൻ കൈപ്പൊക്കിക്കാണിച്ചു.

പിന്നീട് അവൻ നാടുവിട്ടുപോയി,
വെസ്റ്റേൺ ഓസ്ട്രേലിയയിൽ, ഇരുപതുവർഷം.
അണ്ണാക്കിൽ വെടിയേറ്റ തുളയോടെ അവൻ മരിച്ചു.

എനിക്കു പേരോ മുഖമോ ഓർത്തെടുക്കാനാകാത്ത
ചെറുക്കാ, അലറിവിളിക്കുന്നത് നിനക്കിപ്പോ നിർത്താം,
എനിക്കിപ്പോഴും നിന്നെ കേൾക്കാനാകുന്നുണ്ട്.

"The Shout" by Simon Armitage from 'The Shout: Selected Poems'
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ