യുദ്ധം നന്നായി പണിയെടുക്കുന്നു

ദുന്യ മിഖെയിൽ (1965-)

യുദ്ധം എത്ര ഗംഭീരമാണ്!
എത്ര ഉത്സാഹഭരിതവും കാര്യക്ഷമവും!
അതിരാവിലെത്തന്നെ സൈറണുകളെ ഉണർത്തി,
ആമ്പുലൻസുകളെ പലയിടങ്ങളിലേക്ക് അയക്കുന്നു,
ശവങ്ങളെ വായുവിലൂടെ തൂക്കിയെടുക്കുന്നു,
മുറിവേറ്റവരിലേക്കു സ്ട്രെച്ചറുകൾ ഉരുട്ടുന്നു,
അമ്മമാരുടെ കണ്ണുകളിൽ നിന്നും മഴയെ
വിളിച്ചുവരുത്തുന്നു, ഭൂമിയെ കിളച്ചുമറിക്കുന്നു,
അവശിഷ്‌ടങ്ങളിൽ പലതും പുറത്തെടുക്കുന്നു;
ചിലത് ജീവനറ്റു മിനുങ്ങുന്നവ, മറ്റുള്ളവ
വിളറിവെളുത്ത് മിടിപ്പിനിയും നിലയ്ക്കാത്തവ.

അത് കുട്ടികളുടെ മനസ്സിൽ ഏറെ ചോദ്യങ്ങളുണ്ടാക്കുന്നു,
ആകാശത്തേക്ക് മിസൈലുകളും ബോംബുകളും
തൊടുത്തുവിട്ട് ദൈവങ്ങളെ രസിപ്പിക്കുന്നു,
പോർക്കളങ്ങളിൽ മൈൻ വിതയ്ക്കുന്നു,
തുളകളും പൊള്ളലുകളും ഉണ്ടാക്കിയെടുക്കുന്നു,
കുടിയേറിപ്പോകാൻ കുടുംബങ്ങൾക്ക് പ്രേരണയാകുന്നു,
ചെകുത്താനെ പഴിക്കുന്ന
പുരോഹിതരുടെ അരികത്തു നിൽക്കുന്നു
(പാവം ചെകുത്താൻ, അതിന് പൊള്ളുന്ന തീയ്യിൽ
ഒറ്റക്കൈയ്യുമായി നിൽക്കേണ്ടി വന്നിരിക്കുകയാണ്)
യുദ്ധം പണി തുടർന്നുകൊണ്ടേയിരിക്കുന്നു,
രാവെന്നോ പകലെന്നോയില്ലാതെ.

അത് സ്വേച്ഛാധിപതികൾക്ക് നീണ്ട പ്രസംഗങ്ങൾ
നടത്താൻ പ്രചോദനമാകുന്നു.
സേനാധിപതികൾക്ക് മെഡലുകൾ സമ്മാനിക്കുന്നു,
കവികൾക്ക് എഴുതാൻ പ്രമേയങ്ങൾ നൽകുന്നു,
കൃത്രിമാവയവ നിർമ്മാണ മേഖലയ്ക്ക്
നേട്ടമുണ്ടാക്കാനുള്ള വകയുണ്ടാക്കുന്നു,
ഈച്ചകൾക്ക് തീറ്റ കൊടുക്കുന്നു,
ചരിത്രപുസ്തകങ്ങളുടെ താളുകൾ കൂട്ടുന്നു,
കൊന്നവർക്കും കൊല്ലപ്പെട്ടവർക്കുമിടയിൽ
തുല്യത കൈവരുത്തുന്നു,
കാമുകരെ കത്തെഴുതാൻ പഠിപ്പിക്കുന്നു,
ചെറുപ്പക്കാരികളെ കാത്തിരിക്കാൻ ശീലിപ്പിക്കുന്നു,
ലേഖനങ്ങളും ചിത്രങ്ങളും കൊണ്ട്
പത്രത്താളുകൾ നിറയ്ക്കുന്നു.
അനാഥർക്ക് പുതിയ വീടുകൾ പണിയുന്നു,
ശവപ്പെട്ടിയുണ്ടാക്കുന്നവരെ ഉഷാറാക്കുന്നു,
ശവക്കുഴിവെട്ടുന്നവരെ മുതുകിൽതട്ടി പ്രശംസിക്കുന്നു.
നേതാവിന്റെ മുഖത്ത് ചിരി വരയ്ക്കുന്നു.

എത്ര നിസ്തുലമായ
ചുറുചുറുക്കോടെയാണ്
യുദ്ധം പണിയെടുക്കുന്നത്!
എന്നിട്ടും ഒരാൾക്കും പറയാനില്ല
അതിനോടൊരു നല്ല വാക്ക്.

"The War Works Hard" by Dunya Mikhail
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ