എന്താണ് സംഭവിച്ചതെന്നാൽ
നമ്മൾ കൂടുതൽ തനിച്ചായി,
ജീവിക്കുന്നത് വസ്തുക്കൾക്കിടയിലായി.
അങ്ങനെ നമ്മൾ ക്ലോക്കിന് മുഖം നൽകി,
കസേരയ്ക്ക് ഒരു മുതുകും
മേശയ്ക്ക് ബലമുള്ള നാല് കാലും നൽകി,
അവയാകട്ടെ ക്ഷീണമെന്തെന്ന്
ഒരിക്കലും അറിയുകയുമില്ല.
ഷൂവുകൾക്ക്, നമ്മുടേത് പോലെ മൃദുവായ,
ചേർച്ചയുള്ള നാവുകൾ നൽകി,
മണികൾക്കുള്ളിൽ നാവുകൾ തൂക്കിയിട്ടു,
അങ്ങനെ നമുക്ക് അവരുടെ
വൈകാരികഭാഷയ്ക്ക്
കാതോർക്കാമെന്നായി.
ഭംഗിയുള്ള രൂപങ്ങൾ നമുക്ക് ഇഷ്ടമായതിനാൽ
മൺകുടത്തിന് ചുണ്ടുകൾ ലഭിച്ചു,
കുപ്പിയ്ക്കു നീണ്ടു മെലിഞ്ഞ കഴുത്തും.
നമുക്കപ്പുറമുള്ളത് പോലും
നമ്മുടെ പ്രതിച്ഛായയിൽ
ഉടച്ചുവാർക്കപ്പെട്ടു;
രാഷ്ട്രത്തിനു നമ്മൾ ഹൃദയം നൽകി,
കൊടുങ്കാറ്റിനു കണ്ണ്,
ഗുഹയ്ക്ക് ഒരു വായ നൽകി,
അങ്ങനെ നമുക്കതിൽ
സുരക്ഷിതമാകാമെന്നായി.
"Things" by Lisel Mueller from Alive Together: New and Selected Poems