അങ്ങനെയൊരു സമയം വരുന്നു, അതിൽപ്പിന്നെ
‘എന്റെ ദൈവമേ’യെന്നു നിങ്ങൾ പറയാതെയാകുന്നു.
സർവ്വതും വെടിപ്പാക്കപ്പെടുന്നതായ സമയം.
‘എന്റെ സ്നേഹമേ’യെന്നു നിങ്ങൾക്കു
പറയേണ്ടിവരാത്തൊരു സമയം,
സ്നേഹം ഉപയോഗശൂന്യമെന്നായിരിക്കുന്നു.
അതിൽപ്പിന്നെ കണ്ണുകൾ കരയുന്നില്ല
കൈകൾ കഠിനജോലി മാത്രം ചെയ്യുന്നു.
മനസ്സ് വരണ്ടുണങ്ങിയിരിക്കും.
സ്ത്രീകൾ വന്നു വാതിലിൽ മുട്ടുന്നു; നിങ്ങൾ തുറക്കില്ല.
നിങ്ങൾ തനിച്ചിരിക്കുന്നു, വെളിച്ചം അണയുന്നു,
എന്നാൽ നിങ്ങളുടെ കണ്ണുകൾ ഇരുട്ടിൽ തിളങ്ങുന്നു.
നിങ്ങൾക്കെല്ലാത്തിലും തീർച്ചയുണ്ടാകുന്നു,
ഒന്നുമിനി സഹിക്കേണ്ടതായിട്ടില്ല.
സുഹൃത്തുക്കളിൽ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ല.
വയസ്സാകുന്നെങ്കിൽ ആകട്ടെ,
അല്ലെങ്കിൽത്തന്നെ എന്താണ് വാർദ്ധക്യം?
ലോകത്തെ നിങ്ങൾ നിങ്ങളുടെ ചുമലിലേറ്റുന്നു.
അതിനൊരു കുഞ്ഞിക്കൈയ്യിനേക്കാൾ ഭാരമില്ല.
യുദ്ധയും ക്ഷാമവും കെട്ടിടങ്ങൾക്കകത്തെ വഴക്കുകളും
മാത്രമാണ് ജീവിതം മുന്നോട്ടുപോകുന്നെന്നതിനു തെളിവ്.
ഇപ്പോഴും പലരും സ്വയം മോചിതരായിട്ടില്ല.
ചിലർ (വികാരഭരിതർ), കാണുന്നതിൽ ക്രൂരത
കണ്ടെത്തുന്നവർ, മരണം തിരഞ്ഞെടുക്കുന്നു.
അങ്ങനെയൊരു സമയം വരികയാണ്,
മരണത്തിലും രക്ഷയില്ലാത്ത സമയം,
ജീവിതം ഒരു ആജ്ഞയായി മാറുന്ന സമയം.
ഒരു രക്ഷയുമില്ലാതെ, വെറും ജീവിതം.
by Carlos Drummond de Andrade.അവലംബം: മാർക്ക് സ്ട്രാൻഡിന്റെ ഇംഗ്ലീഷ് പരിഭാഷ.