Khong co gi bang com voi ca.
Khong co gi bang ma voi con.
[Vietnamese Proverb]
Khong co gi bang ma voi con.
[Vietnamese Proverb]
നിനക്കറിയില്ലേ?
എരിച്ചുകളയുന്നവയുടെ കരച്ചിൽ
തീ അവഗണിക്കുന്നതുപോലെ
ഒരു അമ്മയുടെ സ്നേഹം
അഭിമാനത്തെ അവഗണിക്കുന്നു.
മകനേ, നാളെയായാൽ പോലും നിനക്ക്
ഇന്ന് എന്നൊന്നുണ്ടാകും. നിനക്കറിയില്ലേ?
തലയോട്ടിയുടെ മേലെന്നപോലെ
മുലകളിൽ തൊടുന്ന ആണുങ്ങളുണ്ട്.
പർവ്വതങ്ങൾക്കുച്ചിയിലൂടെ സ്വപ്നമേന്തുന്ന
ആണുങ്ങൾ, അവർക്കു പുറകിൽ മരിച്ചവർ.
മിടിക്കുന്ന മറ്റൊരു ഹൃദയവുമായി നടക്കാൻ
പക്ഷേ ഒരമ്മയ്ക്കേ സാധിക്കുകയുള്ളൂ.
ഓരോ പുസ്തകത്തിലും
നിനക്കു നിന്നെ നഷ്ടമായേക്കാം,
ദൈവം തന്റെ കൈ മറന്നപോലെ
നീയൊരിക്കലും പക്ഷേ നിന്നെ മറന്നുപോകില്ല.
എവിടെ നിന്നും വരുന്നെന്നു അവർ നിന്നോട്
ചോദിക്കുമ്പോൾ, നിന്റെ നാമത്തിനു
ഉടലുണ്ടായത് ഒരു യുദ്ധവനിതയുടെ
പല്ലില്ലാവായിൽ നിന്നാണെന്നു പറയുക,
നീ ജനിക്കുകയായിരുന്നില്ല
നായ്ക്കളുടെ വിശപ്പിനിടയിലേക്ക്
തലയാദ്യം കുത്തി ഇഴഞ്ഞെത്തുകയായിരുന്നു.
എന്റെ മകനേ,
മുറിക്കുമ്പോൾ മൂർച്ചയേറുന്ന
കത്തിയാണ് ഉടലെന്ന്
അവരോട് പറഞ്ഞേക്കുക.
'Headfirst' by Ocean Vuong from Night Sky with Exit Wounds