ആരോ ഒരാൾക്ക് ചെന്നെത്തേണ്ട
ദൂരം കണക്കാക്കി (എവിടെ നിന്നെന്നോ
എവിടേക്കാണെന്നോ എനിക്ക് തീർച്ചയില്ല)
ആവശ്യത്തിനുമാത്രം വെള്ളവും
ഓക്സിജനും നിറച്ച് കെട്ടിയെടുത്ത
പ്ലാസ്റ്റിക്ക് കവറിനുള്ളിലെ മീനാണ് ഞാൻ.
മുത്തുച്ചിപ്പികൾ നിറഞ്ഞ,
ഓർമ്മയൊളിക്കുന്ന പവിഴപ്പുറ്റുകളുള്ള,
ഇപ്പോൾപ്പുറത്തുവന്നമട്ടിൽ
കവചജീവികൾ ഇപ്പോഴുമുള്ള
ഉഷ്ണസമുദ്രത്തിൽ നിന്നാണ് ഞങ്ങൾ
വരുന്നതെന്നാരോ പറയുന്നുണ്ട്.
വാനോളം നീലിമയുള്ള മീൻകുളത്തിലേക്കും
ഭാരമില്ലായ്മയുടെ ആനന്ദത്തിലേക്കും
തീറ്റ നൽകി സ്വീകരിക്കുന്ന കൈകളിലേക്കുമാണ്
ഞങ്ങളെ കൊണ്ടുപോകുന്നതെന്നും
ആരോ പറയുന്നുണ്ട്.
ഞാനെൻ്റെ മൂക്കുമുട്ടിക്കുന്ന
ഈ സുതാര്യമായ പ്ലാസ്റ്റിക് കവറിനും
ഈ യാത്രയ്ക്കുമപ്പുറം എന്താണെന്ന്
ആർക്കാണ് തീർച്ചയുള്ളത്.
പുറത്തേക്കു നോക്കുമ്പോൾ
എൻ്റെതന്നെ ശ്വാസത്തിൻ്റെ ചൂടാണ്
എനിക്കാകെ അറിയാനാകുന്നത്,
ഈ ശ്വാസതാളം മാത്രമാണ്
ആകെയുണ്ടായിരിക്കുന്ന തീർച്ച.
Distance (Trajecte) by Gemma Gorga from Six Catalan Poets