ഞാനെൻ്റെ കാൽപ്പാടുകൾ പെറുക്കിയെടുക്കുന്നു

വാസിൽ ഹൊളൊബൊറൊഡ്കൊ (1945-)

എൻ്റെ കാൽപ്പാടുകൾ
പെറുക്കിയെടുക്കാനായി ഞാൻ നിന്നു,
കാണുന്നവർ കരുതിയേക്കും
ഞാൻ കൂണുകളോ ഔഷധച്ചെടികളോ
പൂക്കളോ ശേഖരിക്കുകയാണെന്ന്,
എന്നാൽ അല്ല — ഞാൻ ശേഖരിക്കുന്നത്
എൻ്റെ കാൽപ്പാടുകളാണ്.
വർഷങ്ങളായുള്ള എൻ്റെ നടത്തം,
അതിൻ്റെ അടയാളങ്ങളെങ്ങുമുണ്ട്:
പുൽമേട്ടിൽ ആടുകളെ മേയ്ക്കുമ്പോൾ
ഞാൻ വിട്ടുപോന്ന കാൽപ്പാടുകളാണിത്,
ഇവിടെയിതാ ഞാൻ സ്കൂളിലേക്ക്
പോയിരുന്ന വഴി,
ഇവയാകട്ടെ ജോലിക്ക് പോകുന്ന
സമയത്തെ എൻ്റെ കാൽപ്പാടുകളാണ്.

"ഞാനെൻ്റെ കാൽപ്പാടുകൾ
ശേഖരിക്കുകയാണ്; അങ്ങനെയാകുമ്പോൾ
അന്യരാരും അവയെ ചവിട്ടിത്താഴ്ത്തില്ലല്ലോ,"
ചോദിക്കുന്നവരോടൊക്കെ ഞാനിത് പറയുന്നു.

(വെളിപാട്: കാൽപ്പാട് ഒരു സൂചകമാണ്;
കഴിഞ്ഞകാലത്തിൽ വേരാഴ്ത്തിയ എന്തിൻ്റെയോ)

എൻ്റെ മനസ്സിൽ,
അതിൻ്റെ താളുകൾക്കിടയിൽ
കാൽപ്പാടുകൾക്ക് അടിവഴുതുന്നു —
ഇപ്പോൾ എപ്പോഴൊക്കെ ഞാനൊരു
പുസ്തകം വായിക്കുന്നോ അപ്പോഴൊക്കെ
പഴയ കാൽപ്പാടിൽ ചെന്നുതട്ടുന്നു:
ഏറെനേരമായി ഞാനത് വായിക്കുന്നു,
കുഞ്ഞായിരുന്നപ്പോൾ ഞാൻ വിട്ടുപോന്ന
കാൽപ്പാടുകൾ ചെറിമരത്തിൻ്റെ
കീഴിലൂടെ നടക്കുന്നു.

അതുവരെയുള്ള കാൽപ്പാടുകളെല്ലാം ചേർന്ന്
എല്ലാ കാൽപ്പാടുകളുടെയും
ഹെർബേറിയമായ പുസ്തകങ്ങൾ—
അവ ഞാൻ ഒരൊറ്റ നിരയായി നിർത്തിയാലും
ആ വഴി എന്നെ വീട്ടിലേക്ക് നയിക്കില്ല.

'I Pick up my Footprints' (Збирання Своїх Слідів) by Vasyl Holoborodko
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ