കറുത്തപക്ഷിയെ നോക്കുന്ന പതിമൂന്ന് രീതികൾ

വാലസ് സ്റ്റീവൻസ് (1879-1955)

I
ഇരുപത് ഹിമപർവ്വതങ്ങൾക്കിടയിൽ
ചലിക്കുന്ന ഒരേയൊരു സംഗതി
കറുത്തപക്ഷിയുടെ കണ്ണായിരുന്നു.

II
മൂന്ന് മനസ്സുമായി ഞാൻ,
മൂന്ന് കറുത്തപക്ഷികളുള്ള
ഒരു മരം പോലെ.

III
ശരത്‌കാല കാറ്റുകളിൽ
കറുത്തപക്ഷി വട്ടംചുറ്റി.
ഒരു മൂകനാടകത്തിലെ
ചെറിയ ഭാഗമായിരുന്നത്.

IV
ഒരാണും ഒരു പെണ്ണും
ഒന്നാണ്.
ഒരാണും ഒരു പെണ്ണും കറുത്തപക്ഷിയും
ഒന്നാണ്.

V
ഏത് വേണമെന്ന് എനിക്കറിയില്ല,
വക്രീകരണ ഭംഗിയോ
വ്യംഗ്യോക്തിയോ
കറുത്തപക്ഷിയുടെ കൂവലോ
അതല്ല അതിനു ശേഷമുള്ളതോ.

VI
പഴഞ്ചൻ ചില്ലോടുകൂടിയ
നീണ്ടജാലകത്തിൽ
മഞ്ഞുപാളികൾ നിറഞ്ഞു.
കറുത്തപക്ഷിയുടെ നിഴൽ
അതിനുകുറകെക്കടന്നു,
മുന്നോട്ടും പിന്നോട്ടും.
നിഴലിൽ രേഖപ്പെട്ട ഭാവം
വായിച്ചെടുക്കാനാകാത്ത
ഒരു കാരണമായി.

VII

ഹദ്ദാമിലെ മെലിഞ്ഞ മനുഷ്യരേ,
സ്വർണ്ണപ്പക്ഷികളെ സങ്കല്പിക്കുന്നതെന്തിന്?
നിങ്ങളുടെ പെണ്ണുങ്ങളുടെ കാലടിയ്ക്ക് ചുറ്റും
കറുത്തപക്ഷി നടക്കുന്നത് എങ്ങനെയെന്ന്
നിങ്ങൾക്ക് കാണാനാകുന്നില്ലേ?

VIII
കുലീനമായ ഉച്ചാരണരീതികളും
ലളിതവും അനിവാര്യവുമായ
താളങ്ങളും എനിക്കറിയാം;
എന്നാൽ എനിക്കിതും അറിയാം,
എനിക്കറിയുന്നതിലെല്ലാം
കറുത്തപക്ഷിയ്ക്കും പങ്കുണ്ടെന്ന്.

IX
കറുത്തപക്ഷി കാഴ്ചയിൽ നിന്നും
പറന്നകലുമ്പോൾ,
അനേകം വൃത്തങ്ങളിലൊന്നിൻ്റെ
വക്കിലത് അടയാളമിട്ടു.

X
പച്ചവെട്ടത്തിൽ പാറുന്ന
കറുത്തപക്ഷിയെ കണ്ട്
ശൃംഗരിക്കുന്ന
കൂട്ടിക്കൊടുപ്പുകാർ വരെ
കാറിക്കരയും.

XI
കണക്റ്റിക്കട്ടിലൂടെ അയാൾ
ഒരു ചില്ലുവണ്ടിയിൽ സഞ്ചരിച്ചു.
ഒരുതവണ, ഭയം അയാളുടെ ഉള്ളിൽക്കയറി,
ആ തെറ്റിദ്ധാരണയിൽ അയാൾ
തൻ്റെ വണ്ടിയുടെ നിഴൽ
കറുത്തപക്ഷികളാണെന്നു കരുതി.

XII
പുഴ ഒഴുകുന്നു.
കറുത്തപക്ഷി പറന്നിരിക്കണം.

XIII
ഉച്ചകഴിഞ്ഞതിൽപ്പിന്നെ
മൊത്തം സന്ധ്യയായിരുന്നു,
മഞ്ഞുപൊഴിഞ്ഞുകൊണ്ടിരുന്നു,
മഞ്ഞ് പിന്നെയും പൊഴിയുകയായിരുന്നു.
ദേവദാരുച്ചില്ലയിൽ കറുത്തപക്ഷി ഇരുന്നു.

“Thirteen Ways of Looking at a Blackbird” by Wallace Stevens from The Collected Poems of Wallace Stevens.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ