നമുക്ക് എന്താണുള്ളത്

വാർസൻ ഷയർ (1988-)

നമ്മുടെ ആണുങ്ങൾ നമ്മുടെ സ്വന്തമല്ല.
ഒരു ഉച്ചയ്ക്ക് ഞങ്ങളെ വിട്ടുപോയ
എന്റെ അച്ഛൻ പോലും എന്റേതല്ല.
ജയിലിൽ കഴിയുന്ന സഹോദരനും എന്റേതല്ല.
നാട്ടിലേക്ക് മടങ്ങി, തലയ്ക്ക് വെടിയേറ്റ
അമ്മാവന്മാർ പോലും എന്റേതല്ല.
തെരുവിൽ കുത്തേറ്റ
അകന്നസഹോദരങ്ങളും എന്റേതല്ല.

പിന്നെയുള്ളത് ഞങ്ങൾ പ്രേമിക്കാൻ
ശ്രമിച്ച ആണുങ്ങളാണ്,
അവർ പറയുന്നു:
ഞങ്ങൾ ഏറെ നഷ്ടം പേറുന്നവരാണെന്ന്,
കറുപ്പേറെ പൊതിഞ്ഞവരാണെന്ന്,
കനമേറിയവരായതിനാൽ കൂടെക്കൂട്ടാനാകില്ലെന്ന്,
പ്രേമിക്കാൻ ആകാത്തവിധം ദുഃഖിതരാണെന്ന്.
പിന്നെ അവരും വിട്ടുപോകുന്നു
ഞങ്ങൾ അവർക്കുവേണ്ടിയും കരയുന്നു.

ഇതിനായിട്ടാണോ നമ്മൾ ഇവിടെയുള്ളത്?
അടുക്കള മേശമേൽ ഇരുന്ന് വിരലുകളിൽ
മരിച്ചവരുടെയോ വിട്ടുപോയവരുടെയോ
പോലീസ് കൊണ്ട് പോയവരുടെയോ
ലഹരിയ്ക്ക് അടിമപ്പെട്ടു പോയവരുടെയോ
രോഗം ബാധിച്ച് ഇല്ലാതായവരുടെയും
മറ്റു പെണ്ണുങ്ങൾ തട്ടിയെടുത്തവരുടെയോ
ഒക്കെ എണ്ണമെടുക്കാൻ?

എന്തൊരു അസംബന്ധമാണ്!

നിന്റെ തൊലിമേൽ നോക്ക്,
അവളുടെ വായയിലേക്ക്,
ഈ ചുണ്ടുകളിലേക്ക്, ആ കണ്ണുകളിലേക്ക്,
എന്റെ ദൈവമേ, ആ പൊട്ടിച്ചിരി ഒന്ന് കേൾക്ക്.

നമ്മുടെ ജീവിതത്തിലേക്ക്
നമ്മൾ അനുവദിച്ചു കൊടുക്കേണ്ട
ഒരേയൊരു ഇരുട്ട് രാത്രിയുടേതാകണം,
അപ്പോൾപ്പോലും നമുക്ക് നിലാവുണ്ട്.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ