നിങ്ങളുടെ നായ മരിക്കുന്നു

റെയ്മണ്ട് കാർവർ (1938-1988)

ഒരു വാൻ അതിനുമേൽ കയറിയിറങ്ങുന്നു.
നിങ്ങൾ അതിനെ റോഡരികിൽ കണ്ടെത്തുന്നു
കുഴിച്ചുമൂടുന്നു.
നിങ്ങൾക്കതിൽ വല്ലായ്മ അനുഭവപ്പെടുന്നു.
നിങ്ങൾക്ക് ആ വല്ലായ്മ വ്യക്തിപരമാകുന്നു,
മകളെയോർത്താണ് ആ വല്ലായ്മ.
അത് അവളുടെ വളർത്തുനായയായിരുന്നു,
അവളതിനെ ഏറെ സ്നേഹിച്ചിരുന്നു.
അവളതിന് പാട്ട് മൂളിക്കൊടുക്കുമായിരുന്നു
അവളുടെ മെത്തയിൽ കിടത്തുമായിരുന്നു.
നിങ്ങൾ അതേപ്പറ്റിയൊരു കവിതയെഴുതുന്നു.
അത് മകൾക്കായുള്ള കവിതയാണെന്ന്
നിങ്ങൾ പറയുന്നു; വാൻ കയറിയിറങ്ങി
മരിച്ചുപോയ നായയെപ്പറ്റി, നിങ്ങളതിനെ
പരിചരിച്ചതെങ്ങനെയെന്നും അതിനെ
കാടിനുള്ളിൽ ആഴത്തിൽ അടക്കം
ചെയ്തതെങ്ങനെയെന്നും എഴുതുന്നു.
അതൊരു മികച്ച കവിതയായി വരുന്നു.
വണ്ടികയറി വളർത്തുനായ മരിച്ചതിൽ
നിങ്ങൾക്ക് ഏതാണ്ട് സന്തോഷം തോന്നുന്നു,
അല്ലായിരുന്നെങ്കിൽ ആ നല്ല കവിത
നിങ്ങളൊരിക്കലും എഴുതുമായിരുന്നില്ലല്ലോ.
തുടർന്ന് ആ നായയുടെ മരണത്തെക്കുറിച്ച്
കവിതയെഴുതുന്നതിനെക്കുറിച്ചൊരു
കവിതയെഴുതാനായി നിങ്ങളിരിക്കുന്നു.
എന്നാൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ
ആ സ്ത്രീ നിങ്ങളുടെ പേരുവിളിച്ച്
അലറിക്കരയുന്നത് നിങ്ങൾ കേൾക്കുന്നു,
നിങ്ങളുടെ ഒന്നാംപേരുവിളിച്ച്,
അതിൻ്റെ രണ്ടു സ്വരങ്ങളും.
നിങ്ങളുടെ ഹൃദയമൊന്ന് നിശ്ചലമാകുന്നു,
ഒരു നിമിഷത്തിനു ശേഷം 
നിങ്ങൾ എഴുത്തു തുടരുന്നു,
അവൾ വീണ്ടും നിലവിളിക്കുന്നു.
എത്രനേരം ഇതിങ്ങനെ തുടരുമെന്ന്
നിങ്ങൾ അമ്പരക്കുന്നു.

"Your Dog Dies" by Raymond Carver from All of Us: The Collected Poems
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ