സുജീഷ്
മലയാള കവിയും പരിഭാഷകനും. ‘വെയിലും നിഴലും മറ്റു കവിതകളും’ ആദ്യ കവിതാസമാഹാരം. ‘ലോകകവിത’ എന്ന പേരിലുള്ള കവിതാപരിഭാഷ പുസ്തകപരമ്പരയുടെ എഡിറ്ററും പരിഭാഷകനും. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ താമസം.
കവിതകൾ പരിഭാഷപ്പെടുത്തൽ സാധ്യമാണോ?ഒരു ഭാഷയിലെ കവിത മറ്റൊരു ഭാഷയിലേക്കു പരിഭാഷപ്പെടുത്തേണ്ടി വരുമ്പോൾ ആ കവിത എഴുതപ്പെട്ട ഭാഷയുമായി നിലനിർത്താൻ ഇടയുള്ള പൊക്കിൾക്കൊടി ബന്ധം വിച്ഛേദിക്കേണ്ടി വന്നേക്കും. സ്വീഡിഷ് ഭാഷ തന്നിലൂടെ എഴുതുന്നതാണ് തന്റെ കവിതയെന്ന് റ്റൊമാസ് ട്രാൻസ്ട്രോമർ പറയുന്നതിനെയും പരിഭാഷയിൽ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത എന്ന് റോബർട്ട് ഫ്രോസ്റ്റ് പറയുന്നതിനെയും ഇതോടു ചേർത്തുവായിക്കാം. എന്നാൽ, ഇതിനു നേരെ വിപരീതമായ വിശ്വാസം വെച്ചുകൊണ്ട് മാത്രമാണ് വായനക്കാർ എന്ന നിലയിലോ പരിഭാഷകർ എന്ന രീതിയിലോ നമുക്ക് ഇതരഭാഷാകവിതയെ സമീപിക്കാൻ പറ്റുകയുള്ളൂ. കവിത എന്ന എഴുത്തുരൂപം അടിസ്ഥാനപരമായി പരിഭാഷയുടെ സ്വഭാവം ഉൾക്കൊള്ളുന്നുവെന്ന ന്യായത്തിലൂന്നിക്കൊണ്ട് ആ പ്രവർത്തിയിൽ ഏർപ്പെടുന്ന ആളാണ് ഞാൻ. ഫ്രെഞ്ച് കവി പോൾ വലേരിയുടെ നിരീക്ഷണത്തിൽ 'ഭാഷയ്ക്കുള്ളിലെ മറ്റൊരു ഭാഷയാണ് കവിത'. ഇങ്ങനെ വിശ്വസിക്കാമെങ്കിൽ, മറ്റൊരു ഭാഷയിലെ കവിതയിൽ നിന്നും എനിക്ക് എന്റെ ഭാഷയിലേക്ക് കൊണ്ടുവരാനാകുന്നത് ആ ഭാഷയിലെ കവിതയിലെ 'കവിത' മാത്രമാണെന്നു കണ്ടെത്താം. ഇത് എല്ലായിപ്പോഴും ശരിയാകണം എന്നില്ലെങ്കിലും, അങ്ങനെയൊരു വിശ്വാസത്തിലൂന്നി ഞാൻ നടത്തുന്ന ശ്രമങ്ങളാണ് എന്റെ കവിതാപരിഭാഷകൾ.